Kerala · 2011 · Act 6
THE KERALA CULTURAL ACTIVISTS WELFARE FUND ACT, 2010
In forceFull text
This Act is not split into sections here yet, so this is the full text read from its official PDF. Older scans can carry reading errors: check the PDF before you quote it, and for tables and schedules.
1
2011-ലെ 6-ാം ആക്റ്റ്
2010-ലെ കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ആക്റ്റ്
ഉളളടക്കം
പീഠിക
വകുപ്പുകള്
1. ചുരുക്കപ്പേരും പ്രാരംഭവും
2. നിര്വ്വചനങ്ങള്
3. കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി പദ്ധതി
4. പ്രത്യേക പദ്ധതികളുടെ രൂപീകരണം
5. പദ്ധതിയോ പദ്ധതികളോ ഭേദഗതി ചെയ്യൽ
6. നിധിയിലേക്കുള്ള അംശദായം
7. അംഗത്വം
8. ബോർഡിന്റെ രൂപീകരണം
9. ഡയറക്ടർമാരുടെ ഔദ്യോഗിക കാലാവധി
10. ബോർഡിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട ഡയറക്ടർമാരുടെ രാജിയും നീക്കം
ചെയ്യലും ആകസ്മിക ഒഴിവുകൾ നികത്തലും
11. ബോർഡിന്റെ യോഗങ്ങൾ
12. ബോർഡിന്റെ ചുമതലകൾ
13. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനം
14. കടം വാങ്ങുന്നതിനുള്ള ബോർഡിന്റെ അധികാരം
15. ബോർഡിന്റെ ഡയറക്ടർമാർ മുതലായവർ പബ്ലിക് സെർവന്റുമാർ
ആയിരിക്കുമെന്ന്
16. ശിക്ഷ
17. കമ്പനി ചെയ്യുന്ന കുറ്റങ്ങൾ
2
18. നഷ്ടപരിഹാരം വസൂലാക്കുന്നതിനുള്ള അധികാരം
19. ഉത്തമവിശ്വാസപൂർവ്വം ചെയ്ത പ്രവർത്തികൾക്ക് സംരക്ഷണം
20. സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ
21. അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള അധികാരം
22. ബോർഡിനെ അതിലംഘിക്കുന്നതിനുള്ള അധികാരം
23. ബോർഡിന്റെ കണക്കുകളുടെ ആഡിറ്റും ആഡിറ്റർമാരുടെ നിയമനവും
വേതനവും
24. വാർഷിക റിപ്പോർട്ടും കണക്കുകളുടെ ആഡിറ്റ് ചെയ്ത സ്റ്റേറ്റ്മെന്റും
25. അധികാരിതയ്ക്ക് വിലക്ക്
26. വൈഷമ്യങ്ങൾ നീക്കം ചെയ്യൽ
27. ചട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള അധികാരം
28. റദ്ദാക്കലും ഒഴിവാക്കലും
*****
3
2011-ലെ 6-ാം ആക്റ്റ്
2010-ലെ കേരള സാംസ്കാരിക പ്രവർത്തക
ക്ഷേമനിധി ആക്റ്റ്*
കേരള സംസ്ഥാനത്ത് വിവിധ കലാ സാഹിത്യ സാംസ്കാരിക
പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സാംസ്കാരിക
പ്രവർത്തകർക്ക് ആശ്വാസം നൽകുന്നതിനും അവരുടെ
ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതിനും അവർക്ക്
പെൻഷൻ നൽകുന്നതിനും അതുമായി
ബന്ധപ്പെട്ടതോ ആനുഷംഗികമായതോ
ആയ കാര്യങ്ങൾക്കും വേണ്ടി
ഒരു നിധി രൂപീകരിക്കു
ന്നതിനായി വ്യവസ്ഥ
ചെയ്യുന്നതിനുള്ള
ഒരു
ആക്റ്റ്
പീഠിക.—കേരള സംസ്ഥാനത്ത് വിവിധ കലാ സാഹിത്യ സാംസ്കാരിക
പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതോ ഏർപ്പെട്ടിരുന്നവരോ ആയ സാംസ്കാരിക
പ്രവർത്തകർക്ക് ആശ്വാസം നൽകുന്നതിനും അവരുടെ ക്ഷേമം
അഭിവൃദ്ധിപ്പെടുത്തുന്നതിനും അവർക്ക് പെൻഷൻ നൽകുന്നതിനും അതുമായി
ബന്ധപ്പെട്ടതോ ആനുഷംഗികമായതോ ആയ കാര്യങ്ങൾക്കും വേണ്ടി ഒരു നിധി
രൂപീകരിക്കുന്നത് യുക്തമായിരിക്കയാൽ;
ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിയൊന്നാം സംവത്സരത്തിൽ ഇനി
പറയുംപ്രകാരം നിയമമുണ്ടാക്കുന്നു:—
* 2011 ജനുവരി 27-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിക്കുകയും 2011 ജനുവരി 28-ാം തീയതിയിലെ 205-ാം
നമ്പർ കേരള ഗസറ്റായി പ്രസിദ്ധീകരിക്കുകയും ചെയ്തു.
4
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2010-ലെ കേരള സാംസ്കാരിക
പ്രവർത്തക ക്ഷേമനിധി ആക്റ്റ് എന്ന് പേര് പറയാം.
(2) ഇത് ഗസറ്റ് വിജ്ഞാപനം വഴി സർക്കാർ നിശ്ചയിക്കാവുന്ന തീയതിയിൽ
പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ . — ഈ ആക്റ്റിൽ, സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത
പക്ഷം,—
(എ) ‘അക്കാഡമി’ എന്നാൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയും
കേരള സാഹിത്യ അക്കാഡമിയും കേരള സംഗീത നാടക അക്കാഡമിയും കേരള
ലളിതകലാ അക്കാഡമിയും കേരള നാടൻകലാ അക്കാഡമിയും കേരള സർക്കാർ
സ്ഥാപിച്ച കേരള കലാമണ്ഡലം കൽപ്പിത സർവ്വകലാശാലയും എന്നർത്ഥമാകുന്നു;
(ബി) ‘ബോർഡ്’ എന്നാൽ 8-ാം വകുപ്പുപ്രകാരം രൂപീകരിക്കപ്പെട്ട കേരള
സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് എന്നർത്ഥമാകുന്നു;
(സി) ‘അംശദായം’ എന്നാൽ 6-ാം വകുപ്പുപ്രകാരം നിധിയിലേക്ക്
നൽകേണ്ടതായ തുക എന്നർത്ഥമാകുന്നു;
(ഡി) ‘സാംസ്കാരിക പ്രവർത്തകൻ’ എന്നാൽ സിനിമ, ഇലക്ട്രോണിക്
മാധ്യമം, കേബിളും കേബിൾ ശൃംഖലയും, നാടകം, സംഗീതം, കഥകളി, ഗാനമേള,
അനുകരണകല, സാഹിത്യം, ചിത്രരചന, ശിൽപ്പകല, നാടൻകലകൾ, അനുഷ്ഠാന
കലകൾ, സെമിക്ലാസിക്കൽ കലകൾ, നാടൻ പാട്ടുകൾ, മേക്കപ്പ്, വാദ്യകലകൾ,
മാജിക്, സർക്കസ്, മാർഗ്ഗംകളി, ചവിട്ടുനാടകം, കാർട്ടൂൺ, കഥാപ്രസംഗം, പുരാണ
പാരായണം, ബൈബിൾ പാരായണം, ഖുറാൻ പാരായണം, മാപ്പിളകലകൾ, പന്തൽ,
അലങ്കാരം, ശബ്ദവും വെളിച്ചവും വസ്ത്രരൂപകല്പ്പന, പരസ്യകല, പെയിന്റിംഗ്,
കോംപിയറിംഗ്, ഫോട്ടോ ഗ്രാഫി എന്നീ മേഖലകളിലെ ഏതെങ്കിലും
പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏതൊരാളും അല്ലെങ്കിൽ
സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ള ഗ്രന്ഥശാലകളിൽ
ലൈബ്രേറിയൻ ആയി പ്രവർത്തിക്കുന്ന ഏതൊരാളും അല്ലെങ്കിൽ തന്റെ
ഉപജീവനത്തിനായി അങ്ങനെയുള്ള മറ്റേതെങ്കിലും രൂപത്തിലുള്ള കല, സാഹിത്യം,
സംസ്കാരം, സാംസ്കാരിക പ്രഭാഷണം അതുപോലെയുള്ള മറ്റു പ്രവർത്തനങ്ങളുമായി
ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏതൊരാളും അല്ലെങ്കിൽ ഈ ആക്റ്റിന്റെ
ആവശ്യത്തിലേക്കായി വിജ്ഞാപനംമൂലം സർക്കാർ പ്രഖ്യാപിക്കുന്ന അങ്ങനെയുള്ള
മറ്റ് പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നതോ ഏർപ്പെട്ടിരുന്നവരോ ആയ
ഏതൊരാളും എന്നർത്ഥമാകുന്നു;
5
(ഇ) ‘സാംസ്കാരിക പ്രവർത്തനം’ എന്നാൽ ഒരു സാംസ്കാരിക പ്രവർത്തകൻ
അവതരിപ്പിക്കുന്നതും സാംസ്കാരിക പ്രവർത്തകൻ അംഗമായിട്ടുള്ള ബന്ധപ്പെട്ട
അക്കാഡമിയോ സംഘടനയോ ട്രേഡ് ബോഡിയോ അല്ലെങ്കിൽ ഈ ആക്റ്റിന്റെ
ആവശ്യത്തിലേക്കായി സർക്കാർ അംഗീകരിച്ച മറ്റേതെങ്കിലും നികായമോ സമാജമോ
അംഗീകരിച്ചിട്ടുള്ളതുമായ ഒരു പ്രവർത്തനം എന്നർത്ഥമാകുന്നു;
(എഫ്) ‘ചലച്ചിത്ര അക്കാഡമി’ എന്നാൽ കേരള സർക്കാർ സ്ഥാപിച്ച കേരള
സംസ്ഥാന ചലച്ചിത്ര അക്കാഡമി എന്നർത്ഥമാകുന്നു;
(ജി) ‘കുടുംബം’ എന്നാൽ ഒരു സാംസ്കാരിക പ്രവർത്തകന്റെ ഭാര്യ
അല്ലെങ്കിൽ ഭർത്താവ്, പ്രായപൂർത്തിയാകാത്ത ആൺമക്കൾ, അവിവാഹിതരായ
പെൺമക്കൾ എന്നർത്ഥമാകുന്നതും അതിൽ ആ ആളിനെ മാത്രം ആശ്രയിച്ച്
കഴിയുന്ന അദ്ദേഹത്തിന്റെ അച്ഛൻ, അമ്മ, ബുദ്ധിമാന്ദ്യം സംഭവിച്ചവർ അല്ലെങ്കിൽ
ശാരീരിക വൈകല്യമുള്ളവർ അല്ലെങ്കിൽ വിധവകൾ ആയ പെൺമക്കൾ എന്നിവർ
ഉൾപ്പെടുന്നതുമാകുന്നു;
(എച്ച്) ‘നാടൻകലാ അക്കാഡമി’ എന്നാൽ കേരള സർക്കാർ സ്ഥാപിച്ച നാടൻ
കലാ അക്കാഡമി എന്നർത്ഥമാകുന്നു;
(ഐ) ‘നിധി’ എന്നാൽ ഈ ആക്റ്റിലെ 3-ാം വകുപ്പിൽ വ്യവസ്ഥ ചെയ്യുന്ന
പദ്ധതിപ്രകാരം രൂപീകരിക്കപ്പെടുന്ന കേരള സാംസ്ക്കാരിക പ്രവർത്തക ക്ഷേമനിധി
എന്നർത്ഥമാകുന്നു;
(ജെ) ‘സർക്കാർ’ എന്നാൽ കേരള സർക്കാർ എന്നർത്ഥമാകുന്നു;
(കെ) ‘കലാമണ്ഡലം’ എന്നാൽ കേരള സർക്കാർ സ്ഥാപിച്ചതും
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ അംഗീകരിച്ചതുമായ കേരള കലാമണ്ഡലം
കൽപ്പിത സർവ്വകലാശാല എന്നർത്ഥമാകുന്നു;
(എൽ) ‘ലളിതകലാ അക്കാഡമി’ എന്നാൽ കേരള സർക്കാർ സ്ഥാപിച്ച കേരള
ലളിതകലാ അക്കാഡമി എന്നർത്ഥമാകുന്നു;
(എം) ‘അംഗം’ എന്നാൽ നിധിയിലെ ഒരംഗം എന്നർത്ഥമാകുന്നു;
(എൻ) ‘നാടക അക്കാഡമി’ എന്നാൽ കേരള സർക്കാർ സ്ഥാപിച്ച കേരള
സംഗീത നാടക അക്കാഡമി എന്നർത്ഥമാകുന്നു;
(ഒ) ‘വിജ്ഞാപനം’ എന്നാൽ കേരള സർക്കാരിന്റെ ഔദ്യോഗിക ഗസറ്റിൽ
പ്രസിദ്ധപ്പെടുത്തിയ ഒരു വിജ്ഞാപനം എന്നർത്ഥമാകുന്നു;
6
(പി) ‘നിർണ്ണയിക്കപ്പെട്ട’ എന്നാൽ ഈ ആക്റ്റ് പ്രകാരം ഉണ്ടാക്കിയ
ചട്ടങ്ങളാൽ നിർണ്ണയിക്കപ്പെട്ട എന്നർത്ഥമാകുന്നു;
(ക്യു) ‘സാഹിത്യ അക്കാഡമി’ എന്നാൽ കേരള സർക്കാർ സ്ഥാപിച്ച കേരള
സാഹിത്യ അക്കാഡമി എന്നർത്ഥമാകുന്നു;
(ആർ) ‘പദ്ധതി’ എന്നാൽ ഈ ആക്റ്റിന്റെ 3-ാം വകുപ്പുപ്രകാരം
ആവിഷ്ക്കരിച്ചിട്ടുള്ള കേരള സാംസ്ക്കാരിക പ്രവർത്തക ക്ഷേമനിധി പദ്ധതി
എന്നർത്ഥമാകുന്നു;
(എസ്) ‘പട്ടിക’ എന്നാൽ ഈ ആക്റ്റിൽ അനുബന്ധമായി ചേർത്തിട്ടുള്ള
പട്ടിക എന്നർത്ഥമാകുന്നു;
(റ്റി) ‘സെക്രട്ടറി’ എന്നാൽ ഈ ആക്റ്റിലെ 13-ാം വകുപ്പ് (1)-ാം ഉപവകുപ്പ്
പ്രകാരം നിയമിക്കപ്പെട്ട സെക്രട്ടറി എന്നർത്ഥമാകുന്നു;
(യു) ‘സംസ്ഥാനം’ എന്നാൽ കേരള സംസ്ഥാനം എന്നർത്ഥമാകുന്നു;
(വി) ‘ട്രേഡ് ബോഡി’ എന്നാൽ 1860-ലെ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്
റ്റോ (1860-ലെ 21-ാം കേന്ദ്ര ആക്റ്റ്) തിരുവിതാംകൂർ-കൊച്ചി സാഹിത്യ, ശാസ്ത്രീയ
ധാർമ്മിക സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ആക്റ്റോ (1955-ലെ 12) പ്രകാരം
രജിസ്റ്റർ ചെയ്തിട്ടുള്ള സാംസ്ക്കാരിക പ്രവർത്തനം നടത്തുന്ന ഒരു സമാജം
എന്നർത്ഥമാകുന്നു.
3. കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി പദ്ധതി . —(1) സർക്കാർ,
വിജ്ഞാപനം വഴി, ഈ ആക്റ്റിന്റെ കീഴിൽ വരുന്ന സാംസ്കാരിക പ്രവർത്തകരുടെ
ക്ഷേമത്തിനായി “കേരള സാംസ്ക്കാരിക പ്രവർത്തക ക്ഷേമനിധി പദ്ധതി” എന്ന
പേരിൽ ഒരു പദ്ധതി ആവിഷ്ക്കരിക്കേണ്ടതും അതിനുശേഷം കഴിയുന്നത്ര വേഗം, ഈ
ആക്റ്റിലെ വ്യവസ്ഥകളനുസരിച്ച് ഒരു നിധി രൂപീകരിക്കേണ്ടതുമാണ്.
(2) പദ്ധതിയുടെയോ പദ്ധതികളുടെയോ കീഴിലുള്ള നിധിയിൽ ഇനി
പറയുന്നവ വരവു വയ്ക്കേണ്ടതാണ്, അതായത്:—
(i) 6-ാം വകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള അംശദായങ്ങൾ;
(ii) കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ തദ്ദേശ സ്ഥാപനങ്ങളോ മറ്റ്
സർക്കാരിതര സ്ഥാപനങ്ങളോ സംഘടനകളോ വ്യക്തികളോ നൽകുന്ന ഗ്രാന്റുകളും
വായ്പകളും മുൻകൂറുകളും സംഭാവനകളും;
7
(iii) സംസ്ഥാന ലോട്ടറി വകുപ്പുമായി ചേർന്ന് നടത്തിയ ലോട്ടറി മുഖേന
ശേഖരിച്ച ഫണ്ട്;
(iv) 14-ാം വകുപ്പ് പ്രകാരം ബോർഡ് കടം വാങ്ങിയ തുക;
(v) ബോർഡ് നടത്തിയ ഏതെങ്കിലും നിക്ഷേപത്തിന്റെയോ
ഓഹരിയുടെയോ ലാഭമോ പലിശയോ ലാഭവിഹിതമോ;
(vi) ആക്റ്റോ ചട്ടങ്ങളോ പദ്ധതിയോ പ്രകാരം ബോർഡ് സമാഹരിച്ച
ഏതെങ്കിലും ഫീസ്;
(vii) നിധിയിലെ തുക വർദ്ധിപ്പിക്കുന്നതിനായി ബോർഡ് മറ്റേതെങ്കിലും
സ്രോതസ്സിൽ നിന്നും സമാഹരിച്ച ഏതെങ്കിലും തുക;
(viii) ഇരുപത്തിയഞ്ച് രൂപയിൽ കവിയുന്ന സിനിമാടിക്കറ്റ് വിലയിൽ നിന്ന്
ബോർഡ് സമാഹരിച്ച തുക;
(ix) 18-ാം വകുപ്പ് പ്രകാരം ഈടാക്കിയ കുടിശ്ശിക തുക;
(x) നിധിശേഖരണത്തിനായി നടത്തുന്ന കലാ സാംസ്ക്കാരിക പരിപാടികളി
ലൂടെ സ്വരൂപിക്കുന്ന തുക;
(xi) ഒരു രൂപ പ്രകാരം ഡി. റ്റി. എച്ച്. കേബിൾ വരിക്കാരിൽ നിന്നും ശേഖരി
ക്കുന്ന തുക;
(xii) പദ്ധതിയിലെ വ്യവസ്ഥകൾ പ്രകാരം ഫണ്ടിലേക്ക് വരവ് വയ്
ക്കേണ്ടതായ മറ്റേതെങ്കിലും തുക.
(3) നിധി ബോർഡിൽ നിക്ഷിപ്തമായിരിക്കേണ്ടതും അതിന്റെ ഭരണം ബോർഡ്
ആക്റ്റിലെയോ ചട്ടങ്ങളിലെയോ പദ്ധതിയിലെയോ വ്യവസ്ഥകൾക്ക് അനുസൃതമായി
നടത്തേണ്ടതുമാണ്.
(4) 4-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം ആവിഷ്ക്കരിച്ചിട്ടുള്ള ക്ഷേമ
പദ്ധതികളുടെ നടത്തിപ്പിനായി, പ്രത്യേകിച്ചും ഇനി പറയുന്ന എല്ലാമോ ഏതെങ്കിലുമോ
ആവശ്യങ്ങൾക്കായി ഫണ്ട് ഉപയോഗിക്കേണ്ടതാണ്, അതായത്:—
(എ) അറുപത് വയസ്സ് പൂർത്തിയായിട്ടുള്ളതും 7-ാം വകുപ്പിലെ
വ്യവസ്ഥകൾ പ്രകാരം അംഗത്വം നേടിയിട്ടുള്ള ഏതൊരാളിനും പെൻഷൻ
നൽകുന്നതിന്;
8
(ബി) അറുപത് വയസ്സ് പൂർത്തിയായിട്ടുള്ളതും അഞ്ച് വർഷത്തിൽ
കുറയാത്ത കാലയളവിലേക്ക് തുടർച്ചയായോ ഒറ്റത്തവണയായോ അംശദായം
അടച്ചിട്ടുള്ളതുമായ അംഗങ്ങൾക്ക് പെൻഷൻ ഉൾപ്പെടെയുള്ള മുഴുവൻ
ആനുകൂല്യങ്ങൾ നൽകുന്നതിന്;
(സി) രണ്ട് വർഷത്തിൽ കുറയാത്ത കാലയളവിലേക്കുള്ള അംശദായം
അടച്ചിട്ടുള്ള ഒരംഗം മരണമടഞ്ഞാൽ കുടുംബ പെൻഷൻ നൽകുന്നതിന്;
(ഡി) മാരകമായ രോഗങ്ങളാൽ കഷ്ടപ്പെടുന്ന അംഗങ്ങളുടെ വൈദ്യ
ചികിത്സയ്ക്കുവേണ്ടിയുള്ള ചെലവുകൾ നേരിടുന്നതിനായി ധനസഹായം നൽകുന്നതിന്;
(ഇ) സ്ഥായിയായ ശാരീരിക അവശതമൂലം അല്ലെങ്കിൽ അംഗവൈകല്യം
മൂലം ഉപജീവനത്തിനുവേണ്ടിയുള്ള എന്തെങ്കിലും ജോലി ചെയ്യുന്നതിന് കഴിവില്ലാതായ
ഒരംഗത്തിന് സാമ്പത്തിക സഹായവും പെൻഷനും നൽകുന്നതിന്;
(എഫ്) നിധിയിലേക്ക് മൂന്നുമാസത്തിൽ കൂടുതൽ തുടർച്ചയായി
അംശദായം അടച്ചിട്ടുള്ള വനിതാ അംഗങ്ങൾക്ക് പ്രസവാനുകൂല്യങ്ങൾ, ഗർഭമലസൽ,
ചികിത്സാപരമായ ഗർഭാവസ്ഥ സമാപിക്കൽ, വന്ധ്യംകരണം എന്നിവയ്ക്ക് ധനസഹായം
നൽകുന്നതിന്;
(ജി) നിധിയിലേക്ക് കുറഞ്ഞത് ഒരു വർഷം തുടർച്ചയായി അംശദായം
അടച്ചിട്ടുള്ള വനിതാ അംഗങ്ങളുടേയും അംഗങ്ങളുടെ പെൺമക്കളുടേയും
വിവാഹത്തിന് ധനസഹായം നൽകുന്നതിന്;
(എച്ച്) നിധിയിലെ ഒരംഗം മരണമടഞ്ഞാൽ കുടുംബത്തിന് ധനസഹായം
നൽകുന്നതിന്;
(ഐ) നിധിയിലേക്ക് അഞ്ച് വർഷക്കാലത്തേക്കുള്ള അംശദായം അടച്ചി
ട്ടുള്ള അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസപരമായ ആവശ്യങ്ങൾക്കുവേണ്ടി
വായ്പകളും അല്ലെങ്കിൽ മുൻകൂറുകളും സ്ക്കോളർഷിപ്പും നൽകുന്നതിന്;
(ജെ) സാംസ്കാരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി
അംഗങ്ങൾക്ക് വായ്പകളോ, മുൻകൂറുകളോ, മെയിൻ്റനൻസ് ഫണ്ടോ നൽകുന്നതിന്;
(കെ) പദ്ധതിയിൽ വിനിർദ്ദേശിച്ചേക്കാവുന്ന മറ്റേതെങ്കിലും ആവശ്യം നടപ്പി
ലാക്കുന്നതിന്.
(5) (4)-ാം ഉപവകുപ്പിലെ (എ) മുതൽ (ജെ) വരെയുള്ള ഖണ്ഡങ്ങൾ
പ്രകാരമുള്ള തുക നൽകുന്നതിനുള്ള നിബന്ധനകളും ഉപാധികളും പദ്ധതികളിൽ
വിനിർദ്ദേശിക്കാവുന്ന പ്രകാരമായിരിക്കേണ്ടതാണ്.
9
(6) ഈ ആക്റ്റിലെ വ്യവസ്ഥകൾക്കു വിധേയമായി, (1)-ാം ഉപവകുപ്പുപ്രകാരം
ആവിഷ്ക്കരിക്കപ്പെട്ട പദ്ധതിയിൽ അല്ലെങ്കിൽ പദ്ധതികളിൽ (4)-ാം ഉപവകുപ്പിലും
പട്ടികയിലും പറഞ്ഞിട്ടുള്ള എല്ലാമോ ഏതെങ്കിലുമോ കാര്യങ്ങൾക്കുവേണ്ടി വ്യവസ്ഥ
ചെയ്യാവുന്നതാണ്.
(7) (1)-ാം ഉപവകുപ്പ് പ്രകാരം ആവിഷ്കരിക്കുന്ന ഓരോ പദ്ധതിയും അത്
ഉണ്ടാക്കിയതിനുശേഷം കഴിയുന്നത്ര വേഗം, നിയമസഭ
സമ്മേളനത്തിലായിരിക്കുമ്പോൾ സഭമുമ്പാകെ ഒരു സമ്മേളനത്തിലോ തുടർച്ചയായ
രണ്ട് സമ്മേളനങ്ങളിലോ പെടാവുന്ന ആകെ പതിനാല് ദിവസക്കാലത്തേക്ക്
വയ്ക്കേണ്ടതും, അപ്രകാരം അത് ഏത് സമ്മേളനത്തിൽ വയ്ക്കുന്നുവോ ആ സമ്മേളനമോ
അല്ലെങ്കിൽ തൊട്ടടുത്ത് വരുന്ന സമ്മേളനമോ അവസാനിക്കുന്നതിനുമുമ്പ് നിയമസഭ
പദ്ധതികളിൽ എന്തെങ്കിലും രൂപഭേദപ്പെടുത്തലുകൾ വരുത്തുകയോ പദ്ധതി
ഉണ്ടാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയോ ചെയ്യാത്തപക്ഷം പദ്ധതികൾക്ക്
അതിനുശേഷം, അതതു സംഗതിപോലെ, അപ്രകാരം രൂപഭേദപ്പെടുത്തിയ
രൂപത്തിൽമാത്രം പ്രാബല്യം ഉണ്ടായിരിക്കുകയോ യാതൊരു പ്രാബല്യവും
ഇല്ലാതിരിക്കുകയോ ചെയ്യുന്നതുമാകുന്നു. എന്നിരുന്നാലും, അപ്രകാരമുള്ള
ഏതെങ്കിലും രൂപഭേദപ്പെടുത്തലോ റദ്ദാക്കലോ ആ പദ്ധതികളിൽ പ്രകാരം മുമ്പ് ചെയ്
തിട്ടുള്ള ഏതെങ്കിലും സംഗതിയുടെ സാധുതയ്ക്ക് ഭംഗം വരാത്ത
വിധത്തിലായിരിക്കേണ്ടതാണ്.
4. പ്രത്യേക പദ്ധതികളുടെ രൂപീകരണം.—(1) സർക്കാരിന്, ബോർഡുമായി
കൂടിയാലോചിച്ചുകൊണ്ടും മുൻകൂട്ടി പ്രസിദ്ധീകരിച്ചതിനുശേഷവും ഏതെങ്കിലും
വിഭാഗത്തിലോ വിഭാഗങ്ങളിലോ പെടുന്ന സാംസ്കാരിക പ്രവർത്തകർക്കായി പ്രത്യേക
ക്ഷേമപദ്ധതിയോ പദ്ധതികളോ ആവിഷ്ക്കരിക്കാവുന്നതും ഈ ആക്റ്റിലെ
വ്യവസ്ഥകൾക്കനുസൃതമായി പ്രസ്തുത പദ്ധതിയോ പദ്ധതികളോ
നടപ്പിലാക്കേണ്ടതുമാണ്.
(2) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ഓരോ പദ്ധതിയും ഈ ആക്റ്റിലെ 8-ാം
വകുപ്പ് പ്രകാരം രൂപീകരിക്കുന്ന ബോർഡിൽ നിക്ഷിപ്തമായിരിക്കുന്നതും ബോർഡ്
അതിന്റെ ഭരണം നിർവ്വഹിക്കുന്നതിനുമായി പ്രത്യേക ക്ഷേമനിധികൾ
രൂപീകരിക്കുന്നതിന് വ്യവസ്ഥ ചെയ്യാവുന്നതാണ്.
(3) ഈ ആക്റ്റിൽ മറ്റുവിധത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതൊഴികെയും മറ്റു
വ്യവസ്ഥകൾക്ക് വിധേയമായും 3-ാം വകുപ്പുപ്രകാരം ആവിഷ്കരിച്ചിട്ടുള്ള പദ്ധതിക്ക്
ബാധകമായ, ഈ ആക്റ്റിലെ പട്ടികയിൽ വിനിർദ്ദേശിച്ചിട്ടുള്ള കാര്യങ്ങളുൾപ്പെടുന്ന,
വ്യവസ്ഥകൾ ആവശ്യമായ മാറ്റങ്ങളോടെ (1)-ാം ഉപവകുപ്പ് പ്രകാരം
ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതിക്കും ബാധകമായിരിക്കുന്നതാണ്.
10
5. പദ്ധതിയോ പദ്ധതികളോ ഭേദഗതി ചെയ്യൽ . —(1) സർക്കാരിന്, വിജ്ഞാപനം
വഴി, ഈ ആക്റ്റിലെ 3-ാം വകുപ്പുപ്രകാരം ആവിഷ്കരിക്കപ്പെട്ട ഏതൊരു
പദ്ധതിയിലും രൂപഭേദപ്പെടുത്തലുകൾ വരുത്തുകയോ കൂട്ടിച്ചേർക്കുകയോ
ഒഴിവാക്കുകയോ അല്ലെങ്കിൽ വ്യത്യാസപ്പെടുത്തുകയോ ചെയ്യാവുന്നതാണ്.
(2) (1)-ാം ഉപവകുപ്പു പ്രകാരമുള്ള ഓരോ വിജ്ഞാപനവും അത്
പുറപ്പെടുവിച്ചതിനുശേഷം കഴിയുന്നത്രവേഗം, നിയമസഭ സമ്മേളനത്തിലായിരിക്കു
മ്പോൾ സഭ മുമ്പാകെ, ഒരു സമ്മേളനത്തിലോ, തുടർച്ചയായ രണ്ട് സമ്മേളനങ്ങളിലോ
പെടാവുന്ന ആകെ പതിനാല് ദിവസക്കാലത്തേക്ക് വയ്ക്കേണ്ടതും അപ്രകാരം അത് ഏത്
സമ്മേളനത്തിൽ വയ്ക്കുന്നുവോ, ആ സമ്മേളനമോ തൊട്ടടുത്ത് വരുന്ന സമ്മേളനമോ
അവസാനിക്കുന്നതിനുമുമ്പ്, നിയമസഭ, പ്രസ്തുത വിജ്ഞാപനത്തിൽ എന്തെങ്കിലും
രൂപഭേദപ്പെടുത്തലുകൾ വരുത്തുകയോ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതില്ലെന്ന്
തീരുമാനിക്കുകയോ ചെയ്യുന്ന പക്ഷം, വിജ്ഞാപനത്തിന്, അതിനുശേഷം,
അതതുസംഗതിപോലെ, അപ്രകാരം രൂപഭേദപ്പെടുത്തലുകൾ വരുത്തിയ രൂപത്തിൽ
മാത്രം പ്രാബല്യം ഉണ്ടായിരിക്കുകയോ യാതൊരു പ്രാബല്യവും ഇല്ലാതിരിക്കുകയോ
ചെയ്യുന്നതുമാകുന്നു: എന്നിരുന്നാലും, അപ്രകാരമുള്ള ഏതെങ്കിലും
രൂപഭേദപ്പെടുത്തലുകളോ റദ്ദാക്കലോ ആ വിജ്ഞാപനപ്രകാരം മുമ്പ് ചെയ്തിട്ടുള്ള
ഏതെങ്കിലും സംഗതിയുടെ സാധുതയ്ക്ക് ഭംഗം വരാത്ത വിധത്തിൽ
ആയിരിക്കേണ്ടതാണ്.
6. നിധിയിലേക്കുള്ള അംശദായം . —(1) ഈ വകുപ്പിന്റെ (2)-ാം ഉപവകുപ്പിൽ
വിനിർദ്ദേശിച്ചിട്ടുള്ളവരൊഴികെ, ഓരോ അംഗവും പ്രതിമാസം അമ്പത് രൂപ നിരക്കിൽ
നിധിയിലേക്ക് അംശദായം നൽകേണ്ടതാണ്.
(2) സിനിമയുടെ ഓരോ നിർമ്മാതാവും സംവിധായകനും ചിത്ര സംയോ
ജകനും ഗാനരചയിതാവും ക്യാമറാസംവിധായകനും വിതരണക്കാരനും അഭിനേതാവും
ടെലിവിഷൻ സീരിയലുകളിലെ അഭിനേതാവും സ്റ്റുഡിയോകളുടെയും
ലാബുകളുടെയും ഉടമകളും തിയേറ്റർ ഉടമകളും പ്രതിമാസം ഇരുനൂറ് രൂപ നിരക്കിൽ
നിധിയിലേക്ക് അംശദായം നൽകേണ്ടതാണ്.
(3) (1)-ാം ഉപവകുപ്പിലോ (2)-ാം ഉപവകുപ്പിലോ പരാമർശിച്ചിട്ടുള്ള
ഏതൊരംഗത്തിനും തങ്ങളുടെ ഒരു വർഷത്തെ അംശദായം ഒറ്റത്തവണയായി
നൽകാവുന്നതാണ്.
(4) സർക്കാർ, ഗ്രാന്റായി ഓരോ വർഷവും, (1)-ഉം (2)-ഉം ഉപവകുപ്പുകൾ
പ്രകാരമുള്ള മൊത്തം അംശദായത്തിന്റെ രണ്ടു ശതമാനത്തിന് തുല്യമായ തുക
നിധിയിലേക്ക് നൽകേണ്ടതാണ്.
11
(5) നിധിയിലേക്ക് പണം ഒടുക്കുന്നതും നിധിയിൽ നിന്നും പണം
നൽകുന്നതും നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള രീതിയിലും അപ്രകാരമുള്ള
നിബന്ധനകൾക്കും ഉപാധികൾക്കും വിധേയമായും ആയിരിക്കേണ്ടതാണ്.
(6) സർക്കാരിന്, വിജ്ഞാപനം വഴി, പദ്ധതി നടപ്പിലാക്കുന്നതിനായി ആവശ്യം
വരുന്ന തുക കണക്കിലെടുത്ത്, (1)-ഉം (2)-ഉം ഉപവകുപ്പുകളിൽ വിനിർദ്ദേശിച്ചിട്ടുള്ള
അംശദായ നിരക്ക് മൂന്നുവർഷത്തിലൊരിക്കൽ പുതുക്കാവുന്നതാണ്.
7. അംഗത്വം.—(1) പതിനെട്ട് വയസ്സ് പൂർത്തിയായിട്ടുള്ളവരും എന്നാൽ അറുപത്
വയസ്സ് പൂർത്തിയായിട്ടില്ലാത്തവരുമായ ഓരോ സാംസ്കാരിക പ്രവർത്തകരും
നിധിയിൽ അംഗമായി രജിസ്റ്റർ ചെയ്യുന്നതിന് അർഹത ഉണ്ടായിരിക്കുന്നതാണ്.
എന്നാൽ അറുപതു വയസ്സു കഴിഞ്ഞ ഏതൊരു സാംസ്കാരിക പ്രവർത്തകനും
അഞ്ച് വർഷത്തെ അംശദായം ഒറ്റത്തവണയായി അടച്ച് നിധിയിൽ അംഗമായി
രജിസ്റ്റർ ചെയ്യുന്നതിന് അർഹത ഉണ്ടായിരിക്കുന്നതാണ്.
എന്നുമാത്രമല്ല അങ്ങനെയുള്ള സാംസ്കാരിക പ്രവർത്തകൻ, അയാൾ ഈ ആക്
റ്റിന്റെ അർത്ഥവ്യാപ്തിയിൽപ്പെടുന്ന ഒരു സാംസ്കാരിക പ്രവർത്തകനാണെന്നുള്ളതിന്,
ബന്ധപ്പെട്ട അക്കാഡമിയിൽനിന്നോ ട്രേഡ് ബോഡിയിൽനിന്നോ സർക്കാർ
അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും നികായത്തിൽ നിന്നോ സമാജത്തിൽനിന്നോ ഉള്ള
ഒരു ശുപാർശ സർട്ടിഫിക്കറ്റ്, ഈ ആക്റ്റിനുകീഴിലുള്ള നിധിയിൽ അംഗത്വം
ലഭിക്കുന്നതിനുള്ള ഒരു ആവശ്യകത എന്ന നിലയിൽ ഹാജരാക്കേണ്ടതാണ്:
എന്നിരുന്നാലും ഈ ആക്ടില് നിർവ്വചിച്ചിരിക്കുന്ന ഒന്നിലധികം സാംസ്കാരിക
പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാംസ്കാരിക പ്രവർത്തകൻ
ഫണ്ടിലേക്കുള്ള അംഗത്വത്തിനായി ഏതെങ്കിലും ഒരു അക്കാഡമിയോ ട്രേഡ്
ബോഡിയോ അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച മറ്റേതെങ്കിലും നികായമോ സമാജമോ
തെരഞ്ഞെടുക്കേണ്ടതും അത്തരം തിരഞ്ഞെടുപ്പ് ഒരിക്കൽ വിനിയോഗിച്ചാൽ അത്
അന്തിമമായിരിക്കുന്നതുമാണ്.
(2) (1)-ാം ഉപവകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്യാൻ അർഹതയുള്ള ഓരോ
സാംസ്കാരിക പ്രവർത്തകനും അദ്ദേഹം അപ്രകാരം ചെയ്യുന്നതിന് ആഗ്രഹിക്കുന്ന
പക്ഷം, അദ്ദേഹത്തിന്റെ പേര് പദ്ധതിയിൽ വിനിർദ്ദേശിച്ചിട്ടുള്ളപ്രകാരം നിധിയിൽ
രജിസ്റ്റർ ചെയ്യേണ്ടതാണ്.
(3) (1)-ാം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്
റ്റിലെയും അതിൻകീഴിൽ ഉണ്ടാക്കിയ പദ്ധതികളുടെയും പ്രാരംഭത്തിനുമുമ്പ് അറുപത്
വയസ്സ് പൂർത്തിയായിട്ടുള്ള ഒരു സാംസ്കാരിക പ്രവർത്തകൻ പദ്ധതിയിൽ
12
നിർദ്ദേശിക്കുന്ന രീതിയിലും കാലയളവിനുള്ളിലും ഏറ്റവും കുറഞ്ഞ പെൻഷൻ
ലഭിക്കുന്നതിനായി അയാളുടെ പേര് നിധിയിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
8. ബോർഡിന്റെ രൂപീകരണം . —(1) സർക്കാരിന്, വിജ്ഞാപനം വഴി, അതിൽ
വിനിർദ്ദേശിക്കാവുന്ന തീയതിമുതൽ പ്രാബല്യത്തോടുകൂടി നിധിയുടെ ഭരണ
നിർവ്വഹണത്തിനും നടത്തിപ്പിനും നിധിയിൽനിന്നും ധനസഹായം നൽകുന്ന
പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിനും അവ നടപ്പിലാക്കുന്നതിനുംവേണ്ടി
“കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്” എന്ന പേരിൽ
ഒരു ബോർഡ് രൂപീകരിക്കാവുന്നതാണ്.
(2) ബോർഡ് ശാശ്വത പിന്തുടർച്ചാവകാശത്തോടും പൊതുമുദ്രയോടുംകൂടി
മേൽപ്പറഞ്ഞ പേരിലുള്ള ഒരു ഏകാംഗീകൃത നികായമായിരിക്കുന്നതും പ്രസ്തുത പേരിൽ
വ്യവഹരിക്കുകയും വ്യവഹരിക്കപ്പെടുകയും ചെയ്യേണ്ടതുമാകുന്നു.
(3) ബോർഡിന്റെ ആസ്ഥാനം തിരുവനന്തപുരത്ത് ആയിരിക്കുന്നതാണ്.
(4) ബോർഡിൽ, ഇതിനുശേഷം വ്യവസ്ഥ ചെയ്യുന്നപ്രകാരം ഇരുപത്തിരണ്ട്
ഡയറക്ടർമാർ ഉണ്ടായിരിക്കുന്നതാണ്.
(എ) സിനിമ, നാടക മേഖലകളെ പ്രതിനിധീകരിക്കുന്ന, സർക്കാർ
നാമനിർദ്ദേശം ചെയ്യുന്ന ആറ് അംഗങ്ങൾ, അവരിൽ രണ്ടുപേർ വനിതകൾ
ആയിരിക്കേണ്ടതാണ്;
(ബി) ഇലക്ട്രോണിക്സ് മാധ്യമ മേഖലയെ പ്രതിനിധീകരിക്കുന്ന, സർക്കാർ
നാമനിർദ്ദേശം ചെയ്യുന്ന രണ്ട് അംഗങ്ങൾ, അവരിൽ ഒരാൾ വനിത
ആയിരിക്കേണ്ടതാണ്;
(സി) കല, സാഹിത്യം, സംഗീതം എന്നീ മേഖലകളെ പ്രതിനിധീകരിക്കുന്ന,
സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന, നാല് അംഗങ്ങൾ, അവരിൽ രണ്ടുപേർ വനിതകൾ
ആയിരിക്കേണ്ടതാണ്;
(ഡി) ഗവൺമെന്റ് സെക്രട്ടറി, സാംസ്കാരികകാര്യ വകുപ്പ്, എക്സ്-
ഒഫീഷ്യോ;
(ഇ) നിയമവകുപ്പിനെ പ്രതിനിധീകരിച്ച് ജോയിന്റ് സെക്രട്ടറി പദവിയിൽ
കുറയാത്ത ഒരംഗം, എക്സ്-ഒഫീഷ്യോ;
(എഫ്) ധനകാര്യ വകുപ്പിനെ പ്രതിനിധീകരിച്ച് ജോയിന്റ് സെക്രട്ടറി
പദവിയിൽ കുറയാത്ത ഒരംഗം, എക്സ്-ഒഫീഷ്യോ;
13
(ജി) സെക്രട്ടറി, ചലച്ചിത്ര അക്കാഡമി, എക്സ്-ഒഫീഷ്യോ;
(എച്ച്) മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന ചലച്ചിത്ര വികസന
കോർപ്പറേഷൻ, എക്സ്-ഒഫീഷ്യോ;
(ഐ) സെക്രട്ടറി, കേരള നാടൻകലാ അക്കാഡമി, എക്സ്-ഒഫീഷ്യോ;
(ജെ) സെക്രട്ടറി, കേരള സാഹിത്യ അക്കാഡമി, എക്സ്-ഒഫീഷ്യോ;
(കെ) സെക്രട്ടറി, കേരള സംഗീത നാടക അക്കാഡമി, എക്സ്-ഒഫീഷ്യോ;
(എൽ) സെക്രട്ടറി, കേരള ലളിതകലാ അക്കാഡമി, എക്സ്-ഒഫീഷ്യോ;
(എം) രജിസ്ട്രാർ, കേരള കലാമണ്ഡലം, എക്സ്-ഒഫീഷ്യോ;
(5) ബോർഡിലെ ഡയറക്ടർമാരിൽ ഒരാളെ ചെയർമാനായി സർക്കാരിന്
നിയമിക്കാവുന്നതാണ്;
(6) ബോർഡിലെ ചെയർമാന്റേയും ഡയറക്ടർമാരുടേയും പേരുകൾ, സർക്കാർ
ഗസറ്റിൽ പ്രസിദ്ധപ്പെടുത്തേണ്ടതാണ്;
(7) ബോർഡ്, നിധി രൂപീകരിക്കപ്പെട്ടത് ഏത് പദ്ധതിപ്രകാരമാണോ അതിൽ
വിനിർദ്ദേശിച്ചേക്കാവുന്ന അങ്ങനെയുള്ള രീതിയിൽ, അതിൽ നിക്ഷിപ്തമായിരിക്കുന്ന
നിധിയുടെ ഭരണ നിർവ്വഹണം നടത്തേണ്ടതാണ്;
(8) ബോർഡ്, അതിന്റെ അധികാരങ്ങൾ വിനിയോഗിക്കുന്നതിലും ചുമതലകൾ
നിർവ്വഹിക്കുന്നതിലും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന അങ്ങനെ
യുള്ള നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്;
(9) ബോർഡിന്, സർക്കാരിന്റെ മുൻകൂട്ടിയുള്ള അംഗീകാരത്തോടുകൂടി,
ബോർഡ് നിർദ്ദേശിക്കാവുന്ന അങ്ങനെയുള്ള നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും
വിധേയമായി, നിധിയുടെ കാര്യക്ഷമമായ ഭരണ നിർവ്വഹണത്തിന് ആവശ്യമെന്ന്
ബോർഡ് കരുതുന്ന, ഈ ആക്ടോ പദ്ധതിയോ പ്രകാരമുള്ള അതിന്റെ അധികാരങ്ങളും
ചുമതലകളും ബോർഡിന്റെ ചെയർമാനോ, ഏതെങ്കിലും അംഗത്തിനോ സെക്രട്ടറിക്കോ
ബോർഡിലെ മറ്റേതെങ്കിലുമൊരു ആഫീസർക്കോ ഏൽപ്പിച്ചുകൊടുക്കാവുന്നതാണ്;
(10) നിധിയുടെ സുഗമമായ നടത്തിപ്പിനായി,
(എ) സാഹിത്യം, സംസ്കാരം തുടങ്ങിയവ;
(ബി) സംഗീതം, നാടകം, ചിത്രകല, നാടൻകല തുടങ്ങിയവ;
14
(സി) ചലച്ചിത്രം;
(ഡി) ഇലക്ട്രോണിക് മാധ്യമങ്ങളും കലകളും;
എന്നിവയ്ക്കായി ഒരു ചെയർമാനും രണ്ട് അംഗങ്ങളും ഉൾപ്പെടുന്ന നാല് പ്രത്യേകം
ഉപസമിതികൾ രൂപീകരിക്കേണ്ടതും അപ്രകാരം രൂപീകരിക്കപ്പെടുന്ന ഉപസമിതികൾ
ബന്ധപ്പെട്ട മേഖലകളിലെ പദ്ധതികൾക്കുള്ള ശുപാർശകൾ സമർപ്പിക്കേണ്ടതുമാണ്.
9. ഡയറക്ടർമാരുടെ ഔദ്യോഗിക കാലാവധി.—8-ാം വകുപ്പ് പ്രകാരം
നാമനിർദ്ദേശം ചെയ്യപ്പെട്ട ഡയറക്ടർമാരുടെ ഔദ്യോഗിക കാലാവധി നാലു
വർഷമായിരിക്കുന്നതാണ്.
എന്നാൽ, കാലാവധി പൂർത്തിയാക്കിയ ഒരു ഡയറക്ടർക്ക് വീണ്ടും ഒരു തവണ
കൂടി തുടരുന്നതിന് അയോഗ്യത ഉണ്ടായിരിക്കുന്നതല്ല.
10. ബോർഡിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട ഡയറക്ടർമാരുടെ രാജിയും നീക്കം
ചെയ്യലും ആകസ്മിക ഒഴിവുകൾ നികത്തലും.— (1) ചെയർമാനോ ബോർഡിന്റെ
ഏതെങ്കിലും ഡയറക്ടർക്കോ സർക്കാരിന് ഒരു മാസത്തെ രേഖാമൂലമുള്ള നോട്ടീസ്
നൽകിക്കൊണ്ട് തന്റെ ഔദ്യോഗികസ്ഥാനം രാജിവയ്ക്കാവുന്നതും സർക്കാർ രാജിക്കത്ത്
സ്വീകരിക്കുന്ന തീയതി മുതൽ ആയത് പ്രാബല്യത്തിൽ വരുന്നതുമാണ്.
(2) സർക്കാരിന്, എപ്പോള് വേണമെങ്കിലും, കാരണങ്ങൾ ലിഖിതമായി
രേഖപ്പെടുത്തിക്കൊണ്ട് ചെയർമാനെയും ബോർഡിലെ ഏതൊരു ഡയറക്ടറെയും
ഔദ്യോഗിക സ്ഥാനത്തുനിന്നും നീക്കം ചെയ്യാവുന്നതും അത്തരം നീക്കം ചെയ്യൽ,
നിർദ്ദിഷ്ട നീക്കം ചെയ്യലിനെതിരായി കാരണം കാണിക്കുന്നതിന് അദ്ദേഹത്തിന്
ന്യായമായ ഒരവസരം നൽകിയതിനുശേഷം ആയിരിക്കേണ്ടതുമാണ്:
എന്നാൽ, പൊതുതാൽപ്പര്യം പരിഗണിച്ച് കാരണങ്ങൾ ലിഖിതമായി
രേഖപ്പെടുത്തുന്നതോ, നിർദ്ദിഷ്ട നീക്കം ചെയ്യലിനെതിരെ കാരണം കാണിക്കുന്നതിന്
അവസരം നൽകുന്നതോ യുക്തമല്ലെന്ന് സർക്കാരിന് അഭിപ്രായമുള്ളപക്ഷം, നീക്കം
ചെയ്യുന്നതിനുള്ള കാരണം ലിഖിതമായി രേഖപ്പെടുത്തുകയോ നിർദ്ദിഷ്ട നീക്കം
ചെയ്യലിനെതിരായി കാരണം കാണിക്കലിന് അവസരം നൽകുകയോ ചെയ്യേണ്ട
ആവശ്യമില്ലാത്തതുമാകുന്നു.
(3) (1)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള ഡയറക്ടറുടെ ഔദ്യോഗിക
സ്ഥാനത്തുള്ള ആകസ്മികമായ ഏതൊരു ഒഴിവും മൂന്നുമാസങ്ങൾക്കുള്ളിൽ
നികത്തേണ്ടതും പ്രസ്തുത ഒഴിവ് നികത്തുന്നതിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട
ഡയറക്ടർ അദ്ദേഹത്തിന്റെ മുൻഗാമിയുടെ ബാക്കി വന്ന കാലാവധിവരെ മാത്രം
ഔദ്യോഗിക സ്ഥാനത്ത് തുടരേണ്ടതുമാണ്.
15
(4) (1)-ാം ഉപവകുപ്പ് പ്രകാരം രാജിവച്ച ഒരു ചെയർമാനോ, ഡയറക്ടർക്കോ
സർക്കാർ മറ്റ് വിധത്തിൽ ഉത്തരവാകാത്തപക്ഷം ബോർഡിലേക്ക് പുനർനിയമനം
ലഭിക്കുന്നതിന് അർഹത ഉണ്ടായിരിക്കുന്നതല്ല.
(5) ഔദ്യോഗിക ആവശ്യത്തിനായി നടത്തിയിട്ടുള്ള യാത്രകളുടെ യാത്രാബത്ത
കൾ ഉൾപ്പെടെ ചെയർമാന്റെയും മറ്റ് ഡയറക്ടർമാരുടെയും വേതനവും മറ്റുസേവന
വ്യവസ്ഥകളും നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമായിരിക്കേണ്ടതാണ്.
11. ബോർഡിന്റെ യോഗങ്ങൾ . — (1) ബോർഡ്, ചെയർമാൻ നിശ്ചയിക്കുന്ന
അങ്ങനെയുള്ള സ്ഥലത്തും, സമയത്തും കുറഞ്ഞത് രണ്ട് മാസത്തിലൊരിക്കലോ,
ആവശ്യമാണെന്ന് കാണുന്നപക്ഷം അതിൽ കൂടുതൽ പ്രാവശ്യമോ യോഗം
ചേരേണ്ടതും നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള രീതിയിൽ അതിന്റെ
പ്രവർത്തനങ്ങൾ നടത്തേണ്ടതും ആണ്.
(2) ബോർഡിന്റെ യോഗത്തിനുള്ള ക്വാറം ബോർഡ് ഡയറക്ടർമാരുടെ മൂന്നിൽ
ഒന്ന് ആയിരിക്കുന്നതാണ്.
12. ബോർഡിന്റെ ചുമതലകൾ . — ബോർഡ്, ഇനി പറയുന്ന ചുമതലകൾ നിർവ്വഹി
ക്കേണ്ടതാണ്, അതായത്:—
(എ) ഏത് പദ്ധതി അല്ലെങ്കിൽ പദ്ധതികൾ പ്രകാരമാണോ നിധി
രൂപീകരിച്ചിട്ടുള്ളത് അതിൽ പറഞ്ഞിരിക്കുന്ന പ്രകാരം നിധിയിൽ
നിക്ഷിപ്തമായിരിക്കുന്ന കാര്യങ്ങളുടെ ഭരണ നിർവ്വഹണം നടത്തുക;
(ബി) പദ്ധതിയിൽ വിനിർദ്ദേശിച്ചേക്കാവുന്ന പ്രകാരം കല, സാഹിത്യം,
സംസ്കാരം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ആവശ്യമായ പ്രചോദനവും
പിൻബലവും പ്രോത്സാഹനവും നൽകുക;
(സി) ഉപജീവനത്തിനായി കല, സാഹിത്യം, സംസ്കാരം എന്നീ മേഖലകളിൽ
വിഭിന്നമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സാംസ്കാരിക പ്രവർത്തകർക്ക്
ആശ്വാസം നൽകുന്നതിനും ക്ഷേമത്തിനും ഉതകുന്ന പദ്ധതികൾ ആവിഷ്കരിക്കുക;
(ഡി) നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള രീതിയിൽ കണക്കുകളും
രജിസ്റ്ററുകളും ശരിയായി സൂക്ഷിക്കുക;
(ഇ) കല, സാഹിത്യം, സംസ്കാരം എന്നീ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന
പ്രവർത്തകരുടെ ക്ഷേമത്തിന് ആവശ്യമായ പൊതു മാർഗ്ഗരേഖകൾ തയ്യാറാക്കുക;
(എഫ്) ഈ ആക്ടിന്റെ ഭരണനിർവ്വഹണത്തിൽനിന്നും ഉണ്ടാകുന്ന
അങ്ങനെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് സർക്കാരിനോട് ശുപാർശ
ചെയ്യുക;
16
(ജി) നിർണ്ണയിക്കപ്പെടാവുന്ന രീതിയിലും അങ്ങനെയുള്ള സമയത്തിനുള്ളിലും
ബോർഡിന്റെ ആഡിറ്റ് ചെയ്ത വാർഷിക സാമ്പത്തിക കാര്യ സ്റ്റേറ്റ്മെന്റും റിപ്പോർട്ടും
സർക്കാരിന് സമർപ്പിക്കുക;
(എച്ച്) സർക്കാർ കാലാകാലങ്ങളിൽ അതിനെ ചുമതലപ്പെടുത്തിയിട്ടുള്ള
അങ്ങനെയുള്ള മറ്റു ചുമതലകൾ ഏറ്റെടുക്കുക.
13. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനം . — (1) സർക്കാരിന്, ഈ
ആക്റ്റും അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളും പദ്ധതികളും പ്രകാരമുള്ള
ബോർഡിന്റെ ചുമതലകൾ നിർവ്വഹിക്കുന്നതിനും അധികാരങ്ങൾ
വിനിയോഗിക്കുന്നതിനും ബോർഡിനെ സഹായിക്കുവാൻ ഒരു സെക്രട്ടറിയേയും
ആവശ്യമെന്ന് കരുതാവുന്നത്ര മറ്റ് ഉദ്യോഗസ്ഥരേയും ജീവനക്കാരേയും
നിയമിക്കാവുന്നതാണ്.
(2) സെക്രട്ടറി, ബോർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് അധികാരി
ആയിരിക്കുന്നതും നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള അധികാരങ്ങളും
ചുമതലകളും ഉണ്ടായിരിക്കുന്നതുമാണ്.
(3) (1)-ാം ഉപവകുപ്പുപ്രകാരം നിയമിക്കപ്പെട്ട സെക്രട്ടറിയുടേയും മറ്റ്
ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും നിയമനരീതിയും ശമ്പളവും ബത്തകളും മറ്റ്
സേവനവ്യവസ്ഥകളും നിർണ്ണയിക്കപ്പെടുന്ന പ്രകാരമായിരിക്കുന്നതാണ്.
14. കടം വാങ്ങുന്നതിനുള്ള ബോർഡിന്റെ അധികാരം . —ബോർഡിന് സർക്കാരിന്റെ
മുൻകൂട്ടിയുള്ള അംഗീകാരത്തോടും സർക്കാർ നിർദ്ദേശിക്കുന്ന നിബന്ധനകൾക്കും
ഉപാധികൾക്കും വിധേയമായും പദ്ധതിയുടെ ആവശ്യങ്ങൾക്കുവേണ്ടി,
കാലാകാലങ്ങളിൽ, പണം കടം വാങ്ങാവുന്നതാണ്.
15. ബോർഡിന്റെ ഡയറക്ടർമാർ മുതലായവർ പബ്ലിക് സെർവന്റന്മാർ
ആയിരിക്കുമെന്ന് . —8-ാം വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരം നിയമിക്കപ്പെട്ട
ബോർഡിന്റെ ഓരോ ഡയറക്ടര്മാരും 13-ാം വകുപ്പ് (1)-ാം ഉപവകുപ്പുപ്രകാരം
നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരും ജീവനക്കാരും 1860-ലെ ഇന്ത്യൻ ശിക്ഷാനിയമ
സംഹിതയിലെ (1860-ലെ 45-ാം കേന്ദ്ര ആക്ട്) 21-ാം വകുപ്പിന്റെ അർത്ഥവ്യാപ്തിയിൽ
വരുന്ന ഒരു പബ്ലിക് സെർവന്റായി കരുതപ്പെടേണ്ടതാണ്.
16. ശിക്ഷ . —(1) ഈ ആക്റ്റോ പദ്ധതികളോ പ്രകാരം താൻ നൽകേണ്ടതായ
ഏതെങ്കിലും തുക നൽകുന്നതിൽ നിന്ന് ഒഴിവാകുന്നതിന് വേണ്ടിയോ മറ്റേതെങ്കിലും
ആളെ അപ്രകാരം പണം നൽകുന്നതിൽ നിന്ന് ഒഴിവാക്കുന്നതിന് സഹായിക്കുന്നതിന്
വേണ്ടിയോ അറിഞ്ഞുകൊണ്ട് ഏതെങ്കിലും വ്യാജമായ പ്രസ്താവന നടത്തുകയോ
നടത്തിക്കാൻ ഇടയാക്കുകയോ വ്യാജമായ നിവേദനം നടത്തുകയോ ചെയ്യുന്ന
17
ഏതൊരാളും മൂന്നുമാസക്കാലം വരെയാകുന്ന തടവോ അല്ലെങ്കിൽ അഞ്ഞൂറ് രൂപ
വരെയാകാവുന്ന പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെ
ടേണ്ടതാണ്.
(2) ഈ ആക്റ്റിലെയോ പദ്ധതികളിലെയോ ഏതെങ്കിലും വ്യവസ്ഥകൾ
ലംഘിക്കുകയോ അതനുസരിച്ച് പ്രവർത്തിക്കുന്നതിൽ വീഴ്ച വരുത്തുകയോ ചെയ്യുന്ന
ഏതൊരാളും അപ്രകാരമുള്ള ലംഘനത്തിനോ വീഴ്ച വരുത്തലിനോ ഈ ആക്റ്റ്
പ്രകാരമോ അതിൻകീഴിലോ മറ്റൊരിടത്തും മറ്റു വിധത്തിലുള്ള ശിക്ഷ വ്യവസ്ഥ
ചെയ്തിട്ടില്ലാത്തപക്ഷം നാലായിരം രൂപവരെയാകാവുന്ന പിഴ നൽകി
ശിക്ഷിക്കപ്പെടേണ്ടതാണ്.
(3) സെക്രട്ടറി നൽകിയ അങ്ങനെയുള്ള കുറ്റം സംബന്ധിച്ച വസ്തുതകളുടെ
രേഖാമൂലമായ ഒരു റിപ്പോർട്ടിന്മേലല്ലാതെ ഈ ആക്റ്റ് പ്രകാരം ശിക്ഷാർഹമായ ഒരു
കുറ്റം യാതൊരു കോടതിയും വിചാരണയ്ക്കെടുക്കുവാൻ പാടുള്ളതല്ല.
(4) ഈ ആക്റ്റ് പ്രകാരം ശിക്ഷാർഹമായ ഏതൊരു കുറ്റവും ഒരു ഒന്നാം ക്ലാസ്സ്
ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് താഴെയുള്ള യാതൊരു കോടതിയും വിചാരണ
ചെയ്യുവാൻ പാടുള്ളതല്ല.
17. കമ്പനി ചെയ്യുന്ന കുറ്റങ്ങൾ.—ഈ ആക്റ്റ് പ്രകാരമുള്ള ഒരു കുറ്റം
കമ്പനിയാണ് ചെയ്തിട്ടുള്ളതെങ്കിൽ കുറ്റം ചെയ്ത സമയത്ത് കമ്പനിയുടെ ചാർജ്ജ്
വഹിച്ചിരുന്നതും കമ്പനിയുടെ കാര്യനിർവ്വഹണത്തിൽ കമ്പനിയോട്
ഉത്തരവാദിത്വമുണ്ടായിരുന്നതുമായ ഓരോ ആളും ആ കമ്പനിയും കുറ്റക്കാരായി
കരുതപ്പെടുന്നതും അതനുസരിച്ച് അവർക്കെതിരായുള്ള നടപടികൾക്ക്
വിധേയരായിരിക്കുന്നതും ശിക്ഷിക്കപ്പെടുന്നതുമാണ്:
എന്നാൽ ഈ വകുപ്പിൽ അടങ്ങിയിട്ടുള്ള യാതൊന്നും, കുറ്റം ചെയ്തത് തന്റെ
അറിവോടുകൂടി അല്ലെന്നും അങ്ങനെയുള്ള കുറ്റം ചെയ്യുന്നത് തടയാൻ താൻ വേണ്ടത്ര
ശ്രദ്ധ ചെലുത്തിയിരുന്നുവെന്നും അയാൾ തെളിയിക്കുന്ന പക്ഷം അങ്ങനെയുള്ള
ആളിനെ ഏതെങ്കിലും ശിക്ഷയ്ക്ക് വിധേയനാക്കുന്നതല്ല.
(2) (1)-ാം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്റ്റ്
പ്രകാരമുള്ള ഒരു കുറ്റം ഒരു കമ്പനി ചെയ്തിരിക്കുകയും കുറ്റം ചെയ്തത് കമ്പനിയുടെ
ഏതെങ്കിലും ഉദ്യോഗസ്ഥന്റെ സമ്മതത്തോടുകൂടിയോ മൗനാനുവാദത്തോടുകൂടിയോ
അല്ലെങ്കിൽ അയാളുടെ ഭാഗത്തുള്ള മനഃപൂർവ്വമായ ഉപേക്ഷമൂലമാണെന്ന്
തെളിയിക്കപ്പെടുന്ന പക്ഷം കമ്പനിയുടെ അങ്ങനെയുള്ള ഉദ്യോഗസ്ഥൻ ആ കുറ്റം
ചെയ്തതായി കരുതപ്പെടേണ്ടതും അതനുസരിച്ച് ശിക്ഷിക്കപ്പെടുന്നതുമാണ്.
വിശദീകരണം.— ഈ വകുപ്പിന്റെ ആവശ്യത്തിലേക്ക്,—
18
(എ) “കമ്പനി” എന്നാൽ, 1956-ലെ കമ്പനി ആക്റ്റിന്റെ (1956-ലെ 1-ാം കേന്ദ്ര
ആക്റ്റ്) 3-ാം വകുപ്പിൽ നിർവ്വചിച്ച പ്രകാരമുള്ള ഒരു കമ്പനി എന്നർത്ഥമാകുന്നതും
അതിൽ ഒരു ഫേമോ ഒരു സഹകരണസംഘമോ അല്ലെങ്കിൽ വ്യക്തികളുടെ മറ്റ്
സമാജമോ ഉൾപ്പെടുന്നതും ആകുന്നു;
(ബി) “കമ്പനി ഉദ്യോഗസ്ഥൻ” എന്നാൽ, കമ്പനിയുടെ മാനേജിംഗ്
ഡയറക്ടറോ ട്രഷററോ മാനേജരോ എന്നർത്ഥമാകുന്നതും അതിൽ ഒരു ഫേമിന്റെയോ
സഹകരണസംഘത്തിന്റെയോ അല്ലെങ്കിൽ വ്യക്തികളുടെ മറ്റ് സമാജത്തിന്റെയോ
ഔദ്യോഗിക ഭാരവാഹികൾ ഉൾപ്പെടുന്നതുമാകുന്നു;
(സി) ഒരു ഫേമിനെ അല്ലെങ്കിൽ സ്ഥാപനത്തെ സംബന്ധിച്ച് “ഡയറക്ടർ”
എന്നാൽ, ആ സ്ഥാപനത്തിലെ ഒരു പാർട്ട്ണർ എന്നർത്ഥമാകുന്നു.
18. നഷ്ടപരിഹാരം വസൂലാക്കുന്നതിനുള്ള അധികാരം . — ഈ ആക്റ്റോ
പദ്ധതിയോ ചട്ടങ്ങളോ പ്രകാരം നിധിയിലേക്ക് ഏതെങ്കിലും അംശദായം
നൽകുന്നതിൽ ഏതെങ്കിലും ആൾ വീഴ്ച വരുത്തുന്നിടത്ത് ബോർഡിന് കുടിശ്ശിക
തുക സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന അങ്ങനെയുള്ള നിരക്കിൽ
പലിശയോടുകൂടി ഭൂമിയിന്മേലുള്ള കുടിശ്ശിക എന്ന പോലെ അയാളിൽനിന്നും
വസൂലാക്കാവുന്നതാണ്.
19. ഉത്തമവിശ്വാസപൂർവ്വം ചെയ്ത പ്രവർത്തികൾക്ക് സംരക്ഷണം . — ഈ ആക്റ്റ്
പ്രകാരമോ പദ്ധതികൾ പ്രകാരമോ ഉത്തമവിശ്വാസപൂർവ്വം ചെയ്തതോ
ചെയ്യാനുദ്ദേശിച്ചതോ ആയ ഏതെങ്കിലും കാര്യം സംബന്ധിച്ച് ബോർഡിലെ
ചെയർമാനോ ഏതെങ്കിലും ഡയറക്ടർക്കോ ഉദ്യോഗസ്ഥനോ എതിരായി യാതൊരു
വ്യവഹാരമോ പ്രോസിക്യൂഷനോ മറ്റ് നിയമ നടപടിയോ നിലനിൽക്കുന്നതല്ല.
20. സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ . —(1) സർക്കാരിന്, ബോർഡ്
അനുവർത്തിക്കേണ്ട പൊതുവായ നിർദ്ദേശങ്ങൾ ബോർഡിന് നൽകാവുന്നതാണ്.
(2) ബോർഡ് ഈ ആക്റ്റ് പ്രകാരമുള്ള അതിന്റെ അധികാരങ്ങൾ
വിനിയോഗിക്കുകയും കർത്തവ്യങ്ങൾ നിർവ്വഹിക്കുകയും ചെയ്യുമ്പോൾ സർക്കാരിന്റെ
മുൻകൂട്ടിയുള്ള അനുവാദത്തോടുകൂടിയല്ലാതെ (1)-ാം ഉപവകുപ്പുപ്രകാരം
നൽകപ്പെട്ടിട്ടുള്ള ഏതെങ്കിലും പൊതുനിർദ്ദേശങ്ങളിൽ നിന്നും വ്യതിചലിക്കാൻ
പാടുള്ളതല്ല.
21. അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള അധികാരം.—(1)
സർക്കാരിന്, ഏത് സമയത്തും, ബോർഡിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കു
ന്നതിനും സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുന്നതിനുമായി, സർക്കാർ ജോയിന്റ്
സെക്രട്ടറിയുടെ പദവിയിൽ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥനെ നിയമിക്കാവുന്നതാണ്.
19
(2) അപ്രകാരം നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥന് ശരിയായ രീതിയിൽ
അന്വേഷണം നടത്തുന്നതിനുവേണ്ട എല്ലാ സൗകര്യങ്ങളും ബോർഡ് നൽകേണ്ടതും
അദ്ദേഹം ആവശ്യപ്പെടുന്ന ബോർഡിന്റെ കൈവശമുള്ള രേഖകളും കണക്കുകളും
വിവരങ്ങളും നൽകേണ്ടതുമാണ്.
22. ബോർഡിനെ അതിലംഘിക്കുന്നതിനുള്ള അധികാരം . — (1) 21-ാം വകുപ്പ്
(1)-ാം ഉപവകുപ്പ് പ്രകാരമുള്ള റിപ്പോർട്ട് പരിഗണിച്ചശേഷമോ മറ്റുവിധത്തിലോ
ബോർഡ്,—
(എ) അതിന്മേൽ ചുമത്തപ്പെട്ടിട്ടുള്ള ചുമതലകൾ നിർവ്വഹിക്കുന്നതിന്
കഴിയുന്നില്ലെന്നോ; അല്ലെങ്കിൽ
(ബി) ഈ ആക്റ്റിലെയോ ചട്ടങ്ങളിലെയോ പദ്ധതികളിലെയോ വ്യവസ്ഥകൾ
പ്രകാരമോ അതിൻകീഴിലോ അതിന് ഏൽപ്പിച്ചുകൊടുത്തിട്ടുള്ള കർത്തവ്യ
നിർവ്വഹണത്തിൽ നിരന്തരം വീഴ്ച വരുത്തിയിട്ടുണ്ടെന്നോ; അല്ലെങ്കിൽ
(സി) അതിന്റെ അധികാരങ്ങൾ അതിലംഘിക്കുകയോ
ദുരുപയോഗപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്നോ, സർക്കാരിന് അഭിപ്രായമുള്ള പക്ഷം,
വിജ്ഞാപനം വഴി, സർക്കാരിന്, വിജ്ഞാപനത്തിൽ വിനിർദ്ദേശിക്കപ്പെടുന്ന ആറു
മാസത്തിൽ കവിയാത്ത ഒരു കാലയളവിലേക്ക് ബോർഡിനെ അതിലംഘനം
ചെയ്യാവുന്നതാണ്:
എന്നാൽ ഈ ഉപവകുപ്പുപ്രകാരമുള്ള ഒരു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന്
മുൻപ് ബോർഡിന്, അതിനെ അതിലംഘനം ചെയ്യാതിരിക്കുവാനുള്ള കാരണം
കാണിക്കുന്നതിന് ന്യായമായ ഒരവസരം നൽകേണ്ടതും ബോർഡിന്റെ
വിശദീകരണങ്ങളും ആക്ഷേപങ്ങളും, എന്തെങ്കിലുമുണ്ടെങ്കിൽ അവ
പരിഗണിക്കേണ്ടതുമാണ്.
(2) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ഒരു വിജ്ഞാപനം പ്രസിദ്ധപ്പെടുത്തു
ന്നതോടെ,—
(എ) ബോർഡിലെ എല്ലാ ഡയറക്ടർമാരും അങ്ങനെയുള്ള പ്രസിദ്ധീകരണ
തീയതി മുതൽ, ഡയറക്ടർമാരെന്ന നിലയിലുള്ള അവരുടെ ഔദ്യോഗികസ്ഥാനം
ഒഴിഞ്ഞതായി കരുതപ്പെടുന്നതാണ്;
(ബി) ബോർഡിന് വിനിയോഗിക്കുകയോ നിർവ്വഹിക്കുകയോ ചെയ്യാമായി
രുന്ന എല്ലാ അധികാരങ്ങളും കർത്തവ്യങ്ങളും അതിലംഘനം ചെയ്യപ്പെട്ടിരിക്കുന്ന
കാലയളവിൽ, വിജ്ഞാപനത്തിൽ വിനിർദ്ദേശിക്കാവുന്ന പ്രകാരമുള്ള ഉദ്യോഗസ്ഥനോ
ഉദ്യോഗസ്ഥരോ വിനിയോഗിക്കുകയോ നിർവ്വഹിക്കുകയോ ചെയ്യേണ്ടതാണ്; കൂടാതെ
20
(സി) ബോർഡിൽ നിക്ഷിപ്തമായിട്ടുള്ളതോ ഉടമസ്ഥതയിലുള്ളതോ
നിയന്ത്രണത്തിലുള്ളതോ ആയ എല്ലാ നിധികളും മറ്റു വസ്തുവകകളും, അതിലംഘനം
ചെയ്യപ്പെട്ടിരിക്കുന്ന കാലയളവിൽ, സർക്കാരിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.
(3) (1)-ാം ഉപവകുപ്പുപ്രകാരം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ
വിനിർദ്ദേശിച്ചിട്ടുള്ള അതിലംഘനം ചെയ്യപ്പെടുന്ന കാലയളവ് അവസാനിക്കുമ്പോൾ,
സർക്കാർ 8-ാം വകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുള്ള രീതിയിൽ ബോർഡ്
പുനഃസംഘടിപ്പിക്കേണ്ടതാണ്.
23. ബോർഡിന്റെ കണക്കുകളുടെ ആഡിറ്റും ആഡിറ്റർമാരുടെ നിയമനവും
വേതനവും . —(1) സർക്കാരിന്റെ അംഗീകാരത്തോടെ, ബോർഡിന്റെ കണക്കുകൾ
സർക്കാർ നിയമിക്കുന്ന ഒരു ആഡിറ്ററെക്കൊണ്ട് ആഡിറ്റ് ചെയ്യിക്കേണ്ടതാണ്.
(2) അങ്ങനെയുള്ള ആഡിറ്റർ ബോർഡിന്റെ കണക്കുകൾ വർഷത്തിൽ
ഒരിക്കൽ ആഡിറ്റ് ചെയ്യേണ്ടതാണ്.
(3) (1)-ാം ഉപവകുപ്പുപ്രകാരം നിയമിക്കപ്പെട്ട ആഡിറ്റർമാരുടെ ശമ്പളം
സർക്കാർ നിർണ്ണയിക്കപ്പെടുന്ന പ്രകാരമായിരിക്കേണ്ടതും ബോർഡിന്റെ നിധിയിൽ
നിന്നും നൽകേണ്ടതുമാണ്.
24. വാർഷിക റിപ്പോർട്ടും കണക്കുകളുടെ ആഡിറ്റ് ചെയ്ത സ്റ്റേറ്റ്മെന്റും . —(1)
ബോർഡിന്റെ വാർഷിക റിപ്പോർട്ട് സെക്രട്ടറി തയ്യാറാക്കേണ്ടതും അംഗീകാരത്തിനായി
ബോർഡിന് സമർപ്പിക്കേണ്ടതുമാണ്. റിപ്പോർട്ടിന്റെ ഒരു പകർപ്പ്, കണക്കുകളുടെ
ആഡിറ്റ് ചെയ്ത സ്റ്റേറ്റ്മെന്റ് സഹിതം ഓരോ വർഷവും ജൂലൈ
അവസാനത്തിനുമുൻപായി സർക്കാരിന് അയച്ചുകൊടുക്കേണ്ടതാണ്.
(2) സർക്കാർ, വാർഷിക ധനകാര്യ സ്റ്റേറ്റ്മെന്റും വാർഷിക റിപ്പോർട്ടും
ലഭിച്ചാലുടൻ തന്നെ, അത് നിയമസഭയുടെ മുൻപാകെ വയ്ക്കേണ്ടതാണ്.
25. അധികാരിതയ്ക്ക് വിലക്ക്.—ഈ ആക്റ്റ് പ്രകാരം ചെയ്ത ഏതെങ്കിലും
പ്രവൃത്തിയോ എടുത്ത ഏതെങ്കിലും നടപടിയോ സർക്കാരോ ബോർഡോ മറ്റേതെങ്കിലും
അധികാരസ്ഥാനമോ ഉദ്യോഗസ്ഥനോ ഈ ആക്റ്റ് പ്രകാരം നൽകപ്പെട്ടിട്ടുള്ള
അധികാരം അനുസരിച്ചോ അതിന്റെ അല്ലെങ്കിൽ അയാളുടെ ചുമതലകളുമായോ
ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവോ നിർദ്ദേശമോ സംബന്ധിച്ച് ഏതൊരു
വ്യവഹാരമോ നടപടിയോ എടുക്കുവാൻ യാതൊരു സിവിൽ കോടതിക്കും
അധികാരിത ഉണ്ടായിരിക്കുന്നതല്ല.
26. വൈഷമ്യങ്ങൾ നീക്കം ചെയ്യൽ . — (1) ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക്
പ്രാബല്യം നൽകുന്നതിൽ എന്തെങ്കിലും വൈഷമ്യം ഉണ്ടാകുന്ന പക്ഷം, സർക്കാരിന്,
21
വിജ്ഞാപനം മുഖേനയുള്ള ഉത്തരവ് വഴി വൈഷമ്യങ്ങൾ നീക്കം ചെയ്യുന്നതിനായി
ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിരുദ്ധമല്ലാത്തതും ആവശ്യമെന്ന് അതിനു
തോന്നുന്നതുമായ അങ്ങനെയുള്ള വ്യവസ്ഥകൾ ഉണ്ടാക്കാവുന്നതാണ്:
എന്നാൽ, ഈ ആക്റ്റ് പ്രാബല്യത്തിൽ വന്ന തീയതി മുതൽ രണ്ട് വർഷം
കഴിഞ്ഞതിനു ശേഷം അപ്രകാരമുള്ള യാതൊരു ഉത്തരവും പുറപ്പെടുവിക്കാൻ
പാടുള്ളതല്ല.
(2) ഈ വകുപ്പുപ്രകാരം ഉണ്ടാക്കിയ ഓരോ ഉത്തരവും അത് പുറപ്പെടുവിച്ച
തിനുശേഷം കഴിയുന്നത്രവേഗം നിയമസഭയുടെ മുമ്പാകെ വയ്ക്കേണ്ടതാണ്.
27. ചട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള അധികാരം . — (1) സർക്കാരിന്, വിജ്ഞാപനം
വഴി, ഈ ആക്റ്റിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനായി ചട്ടങ്ങൾ ഉണ്ടാക്കാവുന്ന
താണ്.
(2) ഈ ആക്റ്റ് പ്രകാരം ഉണ്ടാക്കുന്ന ഓരോ ചട്ടവും അത് ഉണ്ടാക്കിയതിനു
ശേഷം കഴിയുന്നത്രവേഗം നിയമസഭ സമ്മേളനത്തിലായിരിക്കുമ്പോൾ, സഭ മുമ്പാകെ
ഒരു സമ്മേളനത്തിലോ, തുടർച്ചയായ രണ്ട് സമ്മേളനങ്ങളിലോ വരാവുന്ന ആകെ
പതിനാല് ദിവസക്കാലത്തേക്ക് വയ്ക്കേണ്ടതും, അപ്രകാരം അത് ഏത് സമ്മേളനത്തിൽ
വയ്ക്കുന്നുവോ ആ സമ്മേളനമോ തൊട്ടടുത്തുവരുന്ന സമ്മേളനമോ അവസാനിക്കുന്ന
തിനുമുമ്പ് നിയമസഭ പ്രസ്തുത ചട്ടത്തിൽ എന്തെങ്കിലും രൂപഭേദം വരുത്തുകയോ
അല്ലെങ്കിൽ ആ ചട്ടം ഉണ്ടാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്ന പക്ഷം, ആ
ചട്ടത്തിന്, അതിനുശേഷം, അതതുസംഗതിപോലെ, അപ്രകാരം രൂപഭേദം വരുത്തിയ
രൂപത്തിൽ മാത്രം പ്രാബല്യമുണ്ടായിരിക്കുകയോ, അല്ലെങ്കിൽ യാതൊരു
പ്രാബല്യവുമില്ലാതിരിക്കുകയോ ചെയ്യുന്നതുമാകുന്നു; എന്നിരുന്നാലും, അപ്രകാരമുള്ള
ഏതെങ്കിലും രൂപഭേദപ്പെടുത്തലോ റദ്ദാക്കലോ ആ ചട്ടപ്രകാരം മുമ്പ് ചെയ്തിട്ടുള്ള
ഏതെങ്കിലും സംഗതിയുടെ സാധുതയ്ക്ക് ഭംഗം വരാത്ത വിധത്തിൽ ആയിരിക്കേണ്ട
താണ്.
28. റദ്ദാക്കലും ഒഴിവാക്കലും . — (1) കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി
ഓർഡിനൻസ്, 2010 (2010-ലെ 55) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.
(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും പ്രസ്തുത ഓർഡിനൻസ് പ്രകാരം
ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ ഈ ആക്റ്റ് പ്രകാരം
ചെയ്തതായോ എടുത്തതായോ ആയി കരുതപ്പെടേണ്ടതാണ്.
22
പട്ടിക
[3-ാം വകുപ്പ് (6)-ാം ഉപവകുപ്പ് കാണുക.]
പദ്ധതിയിൽ വ്യവസ്ഥ ചെയ്യാവുന്ന കാര്യങ്ങൾ
1. നിധിയിൽ സാംസ്കാരിക പ്രവർത്തകന്റെ രജിസ്ട്രേഷൻ.
2. അംഗങ്ങളാലോ അംഗങ്ങൾക്കു വേണ്ടിയോ, നിധിയിലേക്ക് അംശദായം
നൽകേണ്ടതായ സമയവും രീതിയും മറ്റ് നിബന്ധനകളും ഉപാധികളും.
3. 3-ഉം 4-ഉം വകുപ്പുകൾ പ്രകാരം ആവിഷ്കരിക്കേണ്ട ക്ഷേമപദ്ധതിയിലോ
പദ്ധതികളിലോ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ.
4. കണക്കുകൾ സൂക്ഷിക്കേണ്ട രീതി, സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഏതെങ്കിലും
നിർദ്ദേശങ്ങൾക്കോ വിനിർദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകൾക്കോ അനുസൃതമായി നിധിയുടെ
വക പണം നിക്ഷേപിക്കൽ, ബഡ്ജറ്റ് തയ്യാറാക്കൽ, കണക്കുകൾ ആഡിറ്റ് ചെയ്യൽ,
സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കൽ എന്നിവ.
5. നിധിയിൽ നിന്നും പണം പിൻവലിക്കുന്നതിനും അതിൽനിന്നും
തട്ടിക്കഴിക്കലോ കണ്ടുകെട്ടലോ നടത്തുന്നതിനുള്ള വ്യവസ്ഥകളും തട്ടിക്കഴിക്കുകയോ
കണ്ടുകെട്ടുകയോ ചെയ്യാവുന്ന പരമാവധി തുകയും.
6. ആവശ്യപ്പെടുന്ന സമയത്ത് ഒരംഗം തന്റെയും തന്റെ കുടുംബത്തെയും
സംബന്ധിച്ചുള്ള വിവരങ്ങൾ നൽകുന്നതിനുള്ള ഫാറം.
7. ഒരംഗം മരിക്കുമ്പോൾ കുടുംബപെൻഷൻ സ്വീകരിക്കുവാൻ ഒരാളെ
നാമനിർദ്ദേശം ചെയ്യുന്നതും അത്തരം നാമനിർദ്ദേശം റദ്ദാക്കുകയോ
പരിശോധിക്കുകയോ ചെയ്യുന്നതും.
8. ഇരുപത്തി അഞ്ച് രൂപയിൽ കവിയുന്ന സിനിമാ ടിക്കറ്റുകളുടെ തുക ബോർഡ്
സ്വരൂപിക്കുന്ന രീതിയും അതിനുള്ള വ്യവസ്ഥകളും നിബന്ധനകളും ഉപാധികളും.
9. പദ്ധതിയിൽ വ്യവസ്ഥ ചെയ്യേണ്ടതോ അല്ലെങ്കിൽ പദ്ധതി നടപ്പാക്കുന്നതിന്
ആവശ്യമോ ഉചിതമോ ആയ മറ്റേതെങ്കിലും സംഗതി.
2010-ലെ കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ആക്റ്റ്
2010-ലെ കേരള സാംസ്കാരിക പ്രവർത്തക
ക്ഷേമനിധി ആക്റ്റ്
കേരള സംസ്ഥാനത്ത് വിവിധ കലാ സാഹിത്യ സാംസ്കാരിക
പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സാംസ്കാരിക
പ്രവർത്തകർക്ക് ആശ്വാസം നൽകുന്നതിനും അവരുടെ
ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതിനും അവർക്ക്
പെൻഷൻ നൽകുന്നതിനും അതുമായി
ബന്ധപ്പെട്ടതോ ആനുഷംഗികമായതോ
ആയ കാര്യങ്ങൾക്കും വേണ്ടി
ഒരു നിധി രൂപീകരിക്കു
ന്നതിനായി വ്യവസ്ഥ
ചെയ്യുന്നതിനുള്ള
ഒരു
ആക്റ്റ്
പട്ടിക
പദ്ധതിയിൽ വ്യവസ്ഥ ചെയ്യാവുന്ന കാര്യങ്ങൾ